Kerala Home - മലയാളം - Mathrubhumi - കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം

കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം


21 March 2017 05:59

തൃശ്ശൂർ: ലക്കിടി ലോ കോളേജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ചകേസിൽ നെഹ്രു കോളേജ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റുചെയ്തത് പോലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ.രണ്ടുദിവസംമുമ്പ് ഡി.ജി.പി.യും തൃശ്ശൂർ റൂറൽ എസ്.പി.യും ഉൾപ്പെടെയുള്ളവർ കേസിനെക്കുറിച്ച് വിശദമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയിൽനിന്ന് ഒരുകാരണവശാലും പിന്മാറില്ലെന്ന് ഷഹീർ വ്യക്തമാക്കിയതോടെ ശക്തമായി മുന്നോട്ടുനീങ്ങാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. കൃഷ്ണദാസിനെതിരേ ആദ്യം ദുർബല വകുപ്പുകളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. കൂടുതൽ കടുത്ത, ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പോലീസ് തീരുമാനിച്ചു. എന്നാൽ, വിവരം പുറത്തുവന്നാൽ കൃഷ്ണദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള സാധ്യതയുള്ളതിനാൽ ഇത് രഹസ്യമാക്കിവെച്ചു. നിയമോപദേശക സുചിത്രയെയാണ് തിങ്കളാഴ്ച ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതോടെ, കൃഷ്ണദാസ് ഇടഞ്ഞു. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ രണ്ടും കസ്റ്റഡിയിലായതോടെ ബാക്കി മൂന്നുപേരും സ്വമേധയാ വന്നവരാണ്. ഐ.പി.സി. 341 (തടഞ്ഞുനിർത്തൽ), 365 (തട്ടിക്കൊണ്ടുപോകൽ), 342 (അടച്ചമുറിയിൽ ബലമായി കയറ്റൽ), 384 (ഭീഷണിപ്പെടുത്തി എന്തെങ്കിലും എഴുതിവാങ്ങൽ), 506(1)-മരണഭയമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക, 294ബി-അസഭ്യം പറയുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 365-ഉം 384-ഉം ജാമ്യമില്ലാത്ത വകുപ്പുകളാണ്.ജിഷ്ണു കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ 27 മുതൽ ഡി.ജി.പി.യുടെ ഓഫീസിനുമുന്നിൽ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കൃഷ്ണദാസും കൂട്ടരും അറസ്റ്റിലായത്. ഇത് പോലീസിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കിയിരുന്നു.എന്നാൽ, കൃഷ്ണദാസിനെപ്പോലെ ഒരു പ്രമുഖനെ ഒരുദിവസമെങ്കിലും അറസ്റ്റുചെയ്ത് സ്റ്റേഷനിൽ വെയ്ക്കാൻ കഴിഞ്ഞത് പോലീസിന്റെ നേട്ടമായാണ് ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്ത് വിശേഷിപ്പിച്ചത്. ഈ കേസിലെ പരാതിക്കാരനും പോലീസ് നടപടികളെ അനുകൂലിക്കുകയാണ് ചെയ്തത്. എരുമപ്പെട്ടി സ്റ്റേഷനിൽ ഉച്ചയോടെ കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, പിന്നീട് അനന്തമായ കാത്തിരിപ്പായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയേ ഹൈക്കോടതി പരിഗണിക്കുകയുള്ളൂവെന്ന് നാലരയോടെ വിവരം ലഭിച്ചു. ആറുമണിയോടെ പ്രതികളെ വടക്കാഞ്ചേരി മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുമെന്ന സൂചനകളുണ്ടായി. ഇതിനായി സ്റ്റേഷൻവളപ്പിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഒഴിച്ചുള്ളവരെ പുറത്തേക്കുമാറ്റി. ഏഴേമുക്കാൽ കഴിഞ്ഞപ്പോഴാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. എന്നാൽ, പത്തുമിനിറ്റുമാത്രം ദൂരെയുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് വളരെ വൈകിയാണ് എത്തിച്ചത്. ജനശ്രദ്ധ ഒഴിവാക്കാനും കൈയേറ്റമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമായിരുന്നു ഇതെല്ലാമെന്ന് പോലീസ് പറയുന്നു..
കൃഷ്ണദാസിന്റെ അറസ്റ്റ്: വിജയിച്ചത് പോലീസിന്റെ ബുദ്ധിപരമായ നീക്കം. This article is published at 21 March 2017 05:59 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കൃഷ്ണദാസിന്റെ, അറസ്റ്റ്, വിജയിച്ചത്, പോലീസിന്റെ, ബുദ്ധിപരമായ, നീക്കം


Share